വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലണ്ടനിൽ പുതുതായി നിയമിതനായ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നത് സംബന്ധിച്ച് ഇരുവരും വിശദമായ ചർച്ച നടത്തി. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയുടെ നാടകീയമായ പുനഃസംഘടനയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മുൻ പ്രധാനമന്ത്രിയെ തൻ്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ ഉഭയകക്ഷി ബന്ധം, പശ്ചിമേഷ്യൻ സാഹചര്യം, ആഫ്രിക്ക എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യാനും സൗഹൃദ ബന്ധങ്ങൾക്ക് പുതിയ ഉണർവ് നൽകാനും ലക്ഷ്യമിട്ടാണ് ജയശങ്കർ അഞ്ച് ദിവസത്തെ യുകെയിലെ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.