അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കാത്തിരുന്നത് 20 മിനിറ്റിലധികമെന്ന്‌ ഒന്റാരിയോ സ്വദേശിനി

By: 600002 On: Nov 11, 2023, 9:35 AM

 

 

കടുത്ത പനി ബാധിച്ച് വിറയല്‍ അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കാത്തിരുന്നത് 20 മിനിറ്റിലധികമെന്ന്‌ ഒന്റാരിയോയിലെ ബോള്‍ട്ടണ്‍ സ്വദേശിനി സാറ ഫുദ. സെപ്റ്റംബര്‍ ആറിനാണ് സംഭവം. പനി ബാധിച്ച രണ്ടര വയസ്സുള്ള തന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി 911 ല്‍ വിളിച്ച ഫുദ മിനിറ്റുകള്‍ക്കുള്ളില്‍ പാരാമെഡിക്കുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കുട്ടിയുടെ അസുഖത്തിന് മുന്‍ഗണന നല്‍കാതെ പാരാമെഡിക്കുകള്‍ എത്താന്‍ വൈകി. ജനിച്ച് ആറാമത്തെ തവണയാണ് മകള്‍ക്ക് പനിയും അപസ്മാരവും ഉണ്ടാകുന്നത്. 


911 ലേക്ക് വിളിച്ചപ്പോള്‍ ഓപ്പറേറ്റര്‍ പറഞ്ഞത് കുട്ടിയുടെ അപസ്മാരത്തിനല്ല മുന്‍ഗണന എന്നാണ്. എന്നാല്‍ ഉടന്‍ പാരാമെഡിക്കുകള്‍ എത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആംബുലന്‍സ് അയക്കാമെന്ന് അറിയിച്ചു. എന്നാല്‍ 20 മിനിറ്റിന് ശേഷമാണ് ആംബുലന്‍സ് എത്തിയതെന്ന് ഫുദ പറയുന്നു. എന്നാല്‍ പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും മകള്‍ക്ക് അസുഖം കുറഞ്ഞു. 

എന്തുകൊണ്ടാണ് വൈകിയതെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ നിലവിലെ സിസ്റ്റത്തില്‍ ആശയക്കുഴപ്പത്തിലാണെന്നാണ് പ്രതികരിച്ചത്. റെസ്‌പോണ്‍സ് ടൈമില്‍ കാലതാമസം വരുത്തുന്നത് പുതിയ സംവിധാനമാണെന്ന് പറഞ്ഞ പാരാമെഡിക്കുകള്‍ ക്ഷമാപണം നടത്തുകയും ചെയ്തു. 

മറ്റ് കോളുകളേക്കാള്‍ ജീവന്‍ അപകടത്തിലാകുന്ന മെഡിക്കല്‍ അവസ്ഥകള്‍ക്ക് മുന്‍ഗണന നല്‍കുന്ന മെഡിക്കല്‍ പ്രയോരിറ്റി ഡിസ്പാച്ച് സിസ്റ്റം(MPDS) എന്ന സംവിധാനമാണ് കഴിഞ്ഞ വര്‍ഷം പീല്‍ റീജിയണില്‍ അവതരിപ്പിച്ചത്.