ലോകജനസംഖ്യ 8 ബില്യൺ കടന്നതായി യു.എസ്. സെൻസസ് ബ്യൂറോ

By: 600021 On: Nov 10, 2023, 10:02 PM

ആഗോള ജനസംഖ്യ എട്ട് ബില്യൺ കവിഞ്ഞതായി യുഎസ് സെൻസസ് ബ്യൂറോ. ആളുകൾ കൂടുതൽ കാലം ജീവിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള വളർച്ചാ നിരക്ക് മന്ദഗതിയിലാണെന്നും ഇന്ത്യയും നൈജീരിയയും പോലുള്ള ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിൽ ചിലത് ഒരു ദശാബ്ദത്തിലേറെയായി സെൻസസ് നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ ബ്യൂറോ പലർക്കും ജനന മരണങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനമില്ലെന്നും വ്യക്തമാക്കി. ഒരു വ്യക്തിയുടെ പ്രായത്തിൻ്റെ ആഗോള ശരാശരി 32 വയസ്സ് എന്നാണ് കണക്കാക്കുന്നത്. 2060-ൽ ഇത് 39 ആയി ഉയരുമെന്നാണ് പ്രതീക്ഷ. രാജ്യങ്ങൾ അവരുടെ ജനസംഖ്യയെ കണക്കാക്കുന്ന രീതിയിലെ വ്യത്യാസങ്ങൾ കാരണം കൃത്യമായ തീയതി രേഖപ്പെടുത്താൻ സാധിക്കില്ലെന്നും ബ്യൂറോ വ്യക്തമാക്കി. 2000 മുതൽ ലോകജനസംഖ്യ ആറിൽ നിന്ന് എട്ട് ബില്യണായി വർധിച്ചപ്പോൾ, 1960-നും 2000-നും ഇടയിലുള്ള കാലയളവിനെ അപേക്ഷിച്ച് വളർച്ചാ നിരക്ക് കുറഞ്ഞു. ഒരു സ്ത്രീ പ്രസവിക്കുന്നതിൻ്റെ എണ്ണം സൂചിപ്പിക്കുന്ന ഫെർട്ടിലിറ്റി നിരക്കും ആഗോളതലത്തിൽ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകജനസംഖ്യയുടെ ഏതാണ്ട് മുക്കാൽ ഭാഗവും ഇപ്പോൾ പ്രത്യുൽപ്പാദന നിരക്ക് ഉള്ള രാജ്യങ്ങളിലോ അതിനു താഴെയോ ആണ് ജീവിക്കുന്നത്. ഇന്ത്യ, ടുണീഷ്യ, അർജന്റീന തുടങ്ങിയ ചില രാജ്യങ്ങൾ അതിന് ഉദാഹരണമാണ്. അതേസമയം ബ്രസീൽ, മെക്സിക്കോ, യു.എസ്, സ്വീഡൻ എന്നിവയുൾപ്പെടെ രാജ്യങ്ങളിൽ ഈ നിരക്ക് കുറവുമാണ്. ചൈന, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവിടങ്ങളിലാണ് ഫെർട്ടിലിറ്റി നിരക്ക് വളരെ കുറവ്. ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഇസ്രായേൽ, എത്യോപ്യ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ഫെർട്ടിലിറ്റി നിരക്കാണ് കാണപ്പെടുന്നത്. ആഗോള ജനസംഖ്യയുടെ ഏകദേശം നാല് ശതമാനം മാത്രമാണ് അഞ്ചിൽ കൂടുതൽ ഫെർട്ടിലിറ്റി നിരക്ക് ഉള്ള രാജ്യങ്ങളിൽ താമസിക്കുന്നത്, ഇവയെല്ലാം ആഫ്രിക്കയിലാണ്. ആഗോള ഫെർട്ടിലിറ്റി നിരക്ക് 2060 വരെ കുറയുന്നത് തുടരുമെന്നാണ് ബ്യൂറോയുടെ പ്രവചനം.