എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഭീഷണി;നിഷേധിച്ച് ഖലിസ്ഥാന്‍വാദി നേതാവ്;വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചതായി കാനഡ 

By: 600002 On: Nov 10, 2023, 11:33 AM

 

 

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ് ഖലിസ്ഥാന്‍ വാദി നേതാവും നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിംഗ് പന്നൂന്‍ രംഗത്ത്. ഇത് ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തുന്ന തെറ്റായ പ്രചാരണമാണെന്ന് പന്നൂന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഇന്ത്യന്‍ ബിസിനസുകളെ പിന്തുണയ്ക്കരുതെന്ന് അല്ലെങ്കില്‍ ശക്തിപ്പെടുത്തരുതെന്നാണ് വീഡിയോയില്‍ താന്‍ പറഞ്ഞതെന്ന് പന്നൂന്‍ വ്യക്തമാക്കി. 

താന്‍ ആക്രമ ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്നും പന്നൂന്‍ പറഞ്ഞു. നിലവില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന പന്നൂന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ അക്രമ ഭീഷണിയുയര്‍ത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നവംബര്‍ 19 ന് ശേഷം യാത്രക്കാര്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 

അതേസമയം, പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമല്ലെന്നും അതീവഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചതായും കാനഡ അറിയിച്ചു.