മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ടോക്കിയോയിൽ

By: 600021 On: Nov 9, 2023, 4:52 PM

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ടോക്കിയോയിലെത്തി. ഇന്ത്യയും ജപ്പാനും പുരാതന ചരിത്രപരമായ ബന്ധങ്ങളിലും പങ്കിട്ട മൂല്യങ്ങളിലും വേരൂന്നിയ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തെ വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 8 മുതൽ 10 വരെയാണ് മുരളീധരൻ ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. സന്ദർശന വേളയിൽ മന്ത്രിമാർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയേക്കും. ടോക്കിയോ കൂടാതെ ക്യോട്ടോ, ഹിരോഷിമ, ഒയിറ്റ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. ഒയിറ്റയിലെ റിറ്റ്‌സുമൈക്കൻ ഏഷ്യാ പസഫിക് യൂണിവേഴ്‌സിറ്റിയിൽ "ഇന്ത്യയും ഉയർന്നുവരുന്ന ലോകവും" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണവും നടത്തും.