നെതർലാൻഡ്‌സിലെ ഹേഗിൽ മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണത്തിലും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും ആരോഗ്യ പരിപാലന സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹകരണത്തിനുമായി ഇന്ത്യയും നെതർലാൻഡും മെമ്മോറാണ്ടം ഓഫ് ഇന്റന്റ് (MoI) ഒപ്പുവച്ചു. കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയും നെതർലൻഡ്‌സിലെ ആരോഗ്യമന്ത്രി ഏണസ്റ്റ് കുപ്പേഴ്‌സും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. നവംബർ 6ന് ആരംഭിച്ച രണ്ടാമത്തെ വേൾഡ് ലോക്കൽ പ്രൊഡക്ഷൻ ഫോറം (WLPF) മീറ്റിംഗിൽ പങ്കെടുക്കാൻ ഖുബയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നെതർലൻഡിൽ എത്തിയിട്ടുണ്ട്. മരുന്നുകളിലേക്കും മറ്റ് ആരോഗ്യ സാങ്കേതിക വിദ്യകളിലേക്കും പ്രവേശനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ മുൻകൈയിൽ സൃഷ്ടിച്ച ഒരു പ്ലാറ്റ്ഫോമാണ് വേൾഡ് ലോക്കൽ പ്രൊഡക്ഷൻ ഫോറം. സന്ദർശന വേളയിൽ, യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടർഡാം തുറമുഖം സന്ദർശിച്ച ഖുബ തുറമുഖത്തിൻ്റെ ഹൈഡ്രജൻ ഹബ് പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തു. ഹൈഡ്രജൻ ഉൽപാദനത്തിലും ഗതാഗതത്തിലും റോട്ടർഡാം ഒരു കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ദൗത്യത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.