ചെലവുകള്‍ താങ്ങാനാകുന്നില്ല; പഠനം മുടങ്ങിയേക്കും: നോവ സ്‌കോഷ്യയില്‍ വിദ്യാര്‍ത്ഥികളുടെ റാലി 

By: 600002 On: Nov 9, 2023, 11:16 AM

 

 

പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷനില്‍ നിക്ഷേപം ശക്തിപ്പെടുത്തണമെന്ന് നോവ സ്‌കോഷ്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായാണ് നോവ സ്‌കോഷ്യയില്‍ വിദ്യാര്‍ത്ഥി സംഘടനയായ കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ്(സിഎഫ്എസ്) റാലി സംഘടിപ്പിച്ചത്. കാനഡയിലുടനീളം 530,000 വിദ്യാര്‍ത്ഥികളാണ് ഇതില്‍ അംഗമായിട്ടുള്ളത്. 

വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പലതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ട്യൂഷന്‍ ഫീസ് കുത്തനെ ഉയര്‍ന്നു. വാടക, ഊര്‍ജം, ഗതാഗതം, ഭക്ഷണം, മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരക്ക് വര്‍ധിച്ചു. ഇതോടെ പഠനവും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പഠനം അനിശ്ചിതത്വത്തിലാവുമെന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാവുമെന്നും പറഞ്ഞു. ഫുള്‍ ടൈം വര്‍ക്കില്ലാതെ പാര്‍ട്ട് ടൈം വര്‍ക്ക് കൊണ്ട് മാത്രം ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചിലരുടെ പഠനം മുടങ്ങുന്നു, ചിലര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്ന ആഗ്രഹത്തോടെ വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറഞ്ഞു.