മെട്രോ വാന്‍കുവറിലും കാല്‍ഗറിയിലും ലിവിംഗ് വേജ് ഉയരുന്നു 

By: 600002 On: Nov 9, 2023, 10:02 AM

 

 

മെട്രോ വാന്‍കുവറില്‍ ലിവിംഗ് വേജ് മണിക്കൂറിന് 25.68 ആയി ഉയര്‍ന്നു. വര്‍ധിക്കുന്ന വാടക, ഭക്ഷണ ചെലവുകള്‍ താങ്ങാനും മറ്റ് അത്യാവശ്യങ്ങള്‍ എന്നിവ നിറവേറ്റാനും ശരാശരി തൊഴിലാളികള്‍ ഉണ്ടാക്കേണ്ട തുകയാണിത്. ഈ മേഖലയിലെ വര്‍ഷാവര്‍ഷമുള്ള വര്‍ധന 6.6 ശതമാനമാണ്. ഭക്ഷണം, വാടക, വീട്, ഗതാഗതം, ശുശുസംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്കായി മുഴുവന്‍ സമയവും ജോലി ചെയ്യുന്ന ഒരാള്‍ സമ്പാദിക്കുന്നതാണ് ലിവിംഗ് വേജ്. കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് ആന്‍ഡ് ലിവിംഗ് വേജസ് ഫോര്‍ ഫാമിലിസ് ബിസി ആണ് വര്‍ഷം തോറും ലിവിംഗ് വേജ് കണക്കാക്കുന്നത്. 

ജോലിയുള്ള രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമുള്ള കുടുംബത്തെ അടിസ്ഥാനമാക്കിയാണ് ലിവിംഗ് വേജ് കണക്കാക്കുന്നത്. ഡെറ്റ് റീപേയ്‌മെന്റ്, റിട്ടയര്‍മെന്റ്, പോസ്റ്റ്-സെക്കന്‍ഡറി ചെലവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. വാന്‍കുവറില്‍ വാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.6 ശതമാനം വര്‍ധിച്ചു. ഭക്ഷണ ചെലവ് പ്രതിമാസം 6.6 ശതമാനം വര്‍ധിച്ചു. മൊത്തത്തില്‍ ജീവിത ചെലവ് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 

ബീസിയിലെ മിനിമം വേതനം 16.75 ഡോളറാണ്. ബീസിയിലെ ഒരു കമ്മ്യൂണിറ്റിയില്‍ കണക്കാക്കുന്ന ലിവിംഗ് വേജിനേക്കാള്‍ കുറവാണിത്. 

അതേസമയം, കാല്‍ഗറിയില്‍ ലിവിംഗ് വേജ് മണിക്കൂറിന് 23.70 ഡോളറാണെന്ന് ആല്‍ബെര്‍ട്ട ലിവിംഗ് വേജ് നെറ്റ്‌വര്‍ക്ക് നടത്തിയ പഠനത്തില്‍ പറയുന്നു. പ്രവിശ്യയുടെ നിലവിലെ മിനിമം വേജിനേക്കാള്‍ ഏകദേശം 9 ഡോളര്‍ കൂടുതലാണിതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.