ആഗോളതലത്തില്‍ മൂന്നിലൊരാള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമയെന്ന് കനേഡിയന്‍ പഠന റിപ്പോര്‍ട്ട്. ചെറുപ്പക്കാര്‍ക്കിടയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 195 രാജ്യങ്ങളില്‍ നിന്നുള്ള 18 നും 90 നും ഇടയില്‍ പ്രായമുള്ള 50,000 ത്തിലധികം ആളുകളില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ മേഖലയില്‍ നടത്തുന്ന ഏറ്റവും വലിയ പഠന റിപ്പോര്‍ട്ടാണിതെന്ന് ടൊറന്റോ മിസിസാഗ യൂണിവേഴ്‌സിറ്റി, മക്ഗില്‍ യൂണിവേഴ്‌സിറ്റി, ഹാര്‍വേഡ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.
യുവാക്കള്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഫോണ്‍ ലഭ്യമല്ലാത്തപ്പോള്‍ അവര്‍ക്ക് പരിഭ്രാന്തിയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ ചില ഭാഗങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കൂടുതലെന്നും ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കാനഡയിലുടനീളമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ പുരുഷന്മാരേക്കാളും പൊതുവെ സ്ത്രീകളിലാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാകുന്നതെന്ന് പഠനം കണ്ടെത്തി. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ പ്രായത്തിനനുസരിച്ച് കുറയുന്നതായി പഠനം കണ്ടെത്തിയെങ്കിലും ചില രാജ്യങ്ങളില്‍ ഇതില്‍ വ്യത്യാസമുണ്ടെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങള്‍ മാത്രമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവടങ്ങളിലുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.