2015 മുതൽ 2022-ൽ ക്ഷയരോഗബാധ, ക്ഷയരോഗ മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിൽ ഇന്ത്യയുടെ വിജയം അംഗീകരിച്ച് WHO

By: 600021 On: Nov 9, 2023, 4:22 AM

2015 മുതൽ 2022ൽ ക്ഷയരോഗം 16 ശതമാനവും ക്ഷയരോഗ മരണനിരക്ക് 18 ശതമാനവും കുറയ്ക്കുന്നതിൽ ഇന്ത്യയുടെ വിജയം ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ആഗോള ടിബി റിപ്പോർട്ട് 2023, ഇന്ത്യ വമ്പിച്ച പുരോഗതി കൈവരിച്ചതായാണ് വ്യക്തമാക്കുന്നത്. ടിബി പ്രോഗ്രാമിലൂടെ COVID-19 ൻ്റെ ആഘാതം മാറുകയും , കേസ് കണ്ടെത്തൽ മെച്ചപ്പെട്ടതായും ടിബി കേസുകളിലെ ചികിത്സാ കവറേജ് 80 ശതമാനമായി മെച്ചപ്പെടുത്തുന്നതിൽ മുൻ വർഷത്തേക്കാൾ 19 ശതമാനം വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്ഷയരോഗ മരണനിരക്ക് 2021-2022 വർഷം 4.94 ലക്ഷത്തിൽ നിന്ന് 3.31 ലക്ഷമായി കുറച്ചുകൊണ്ട് 34 ശതമാനത്തിലധികം കുറവ് വരുത്തിയാതായും ടിബി കേസ് കണ്ടെത്തൽ തന്ത്രങ്ങളിലൂടെ ഇന്ത്യ 24.22 ലക്ഷത്തിലധികം കേസുകൾ കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത് കോവിഡിന് മുമ്പുള്ള കണക്കുകളെ മറികടക്കുന്നതാണ്. പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ രാജ്യത്തുടനീളം മികച്ച പ്രതികരണം നേടുകയും 11 ലക്ഷത്തിലധികം ടിബി രോഗികളെ ദത്തെടുക്കാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള 1 ലക്ഷത്തിലധികം നി-ക്ഷയ് മിത്രകൾ മുന്നോട്ട് വന്നതായും WHO വ്യക്തമാക്കി. 2018-ൽ നി-ക്ഷയ് പോഷൻ യോജന ആരംഭിച്ചതു മുതൽ 95 ലക്ഷത്തിലധികം ക്ഷയരോഗികൾക്കായി 2,613 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്. 'കുടുംബ പരിചരണം നൽകുന്ന മാതൃക, 'വ്യത്യസ്ത പരിചരണം' തുടങ്ങിയ പുതിയ രോഗീകേന്ദ്രീകൃത സംരംഭങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ ടിബി എലിമിനേഷൻ പ്രോഗ്രാമിൽ അധിക വിഭവങ്ങൾ നിക്ഷേപിച്ച് ക്ഷയരോഗ നിർമാർജന ശ്രമങ്ങൾക്ക് മുൻഗണന നൽകുന്നതിന് ഇന്ത്യ ധീരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗ്ലോബൽ ടിബി റിപ്പോർട്ട് സൂചിപ്പിക്കുന്നു.