കാല്‍ഗറിയില്‍ ബേസ്‌മെന്റ് സ്യൂട്ടുകള്‍ക്ക് ഡിമാന്‍ഡ് ഏറുന്നു 

By: 600002 On: Nov 8, 2023, 11:47 AM



 

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഉയര്‍ന്ന മോര്‍ഗേജ് നിരക്കുകളും മൂലം പാര്‍പ്പിട പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ കാല്‍ഗറിയില്‍ സെക്കന്‍ഡറി സ്യൂട്ടുകളും ബേസ്‌മെന്റുകളും ഉള്ള വീടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്.  സാധാരണയായി നഗരത്തിലായിരുന്നു ഇത്തരത്തില്‍ ബേസ്‌മെന്റ് സ്യൂട്ടുകള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നഗരത്തിനുപുറത്ത് പ്രാന്തപ്രദേശങ്ങളില്‍ ബേസ്‌മെന്റ് സ്യൂട്ടുകള്‍ നിര്‍മിക്കുന്നുണ്ടെന്ന് റീമാക്‌സ് മൗണ്ടെയ്ന്‍ വ്യൂ റിയല്‍റ്റര്‍ ഷൗന യവ്‌നി പറയുന്നു. ബേസ്‌മെന്റ് സൗകര്യം മനസ്സില്‍ വെച്ചാണ് വീടുകള്‍ നിര്‍മിക്കാന്‍ ബില്‍ഡര്‍മാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഈ വര്‍ഷം മൂന്നാം പാദത്തില്‍ സെക്കന്‍ഡറി സ്യൂട്ടുകളുടെ നിര്‍മാണത്തില്‍ സിറ്റി 80 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാല്‍ഗറിയിലെ ഒരു ബേസ്‌മെന്റ് നിര്‍മാണ കമ്പനി പറയുന്നത് അവരുടെ ബിസിനസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ്. 

കഴിഞ്ഞ വര്‍ഷം ഏകദേശം 10 ബേസ്‌മെന്റ് സ്യൂട്ടുകളാണ് നിര്‍മിച്ചത്. ഈ വര്‍ഷം നിലവില്‍ 40 ബേസ്‌മെന്റ് സ്യൂട്ടുകള്‍ പൂര്‍ത്തിയാക്കി. വര്‍ഷാവസാനത്തോടെ ഇത് ഏകദേശം 60 ആകുമെന്ന് ബേസ്‌മെന്റ് ബില്‍ഡേഴ്‌സ് കാല്‍ഗറിയുടെ ജനറല്‍ മാനേജര്‍ മാര്‍ക്ക് ഗ്രഹാം പറഞ്ഞു.