ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ വികേന്ദ്രീകരണം ഉടന്‍ ഉണ്ടാകുമെന്ന് യുസിപി സര്‍ക്കാര്‍. എഎച്ച്എസില്‍ മാറ്റങ്ങള്‍ ഉടന്‍ കൊണ്ടുവരുമെന്ന് പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. അതേസമയം, എഎച്ച്എസ് ഘടനയിലെ ചെറിയ മാറ്റങ്ങള്‍ രോഗികളെ എങ്ങനെ പരിപാലിക്കുന്നുവെന്നതില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു.
എഎച്ച്എസിന്റെ നിലവിലെ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രവിശ്യയിലുടനീളം സഞ്ചരിച്ച് ജനങ്ങളോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ആരോഗ്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നാണ് പ്രതികരിച്ചതെന്ന് ലാഗ്രാഞ്ച് പറഞ്ഞു. ഈയിടെ ആരോഗ്യ സേവനങ്ങള്‍ തേടിയ ഏതൊരാളും മാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടതായും മന്ത്രി പറഞ്ഞു.