കടലിൽ നഷ്ടമായ നിധി വീണ്ടെടുക്കാനൊരുങ്ങി കൊളംബിയ

By: 600021 On: Nov 8, 2023, 2:14 AM

കപ്പൽ തകർന്ന് കടലിൽ നഷ്ടമായ നിധി വീണ്ടെടുക്കാനുള്ള ദേശീയ ദൗത്യം പ്രഖ്യാപിച്ച് കൊളംബിയ. 200 ടൺ സ്വർണ്ണവും വെള്ളിയും മരതകവും അടങ്ങിയതായി കരുതപ്പെടുന്ന ഒരു കപ്പൽ ഇതോടെ പുറത്തെടുക്കും. 1708-ൽ കൊളംബിയൻ തുറമുഖമായ കാർട്ടജീനയിൽ നിന്ന് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിനിടെ സ്പാനിഷ് കപ്പൽ മുങ്ങിയിരുന്നു. ഇന്നത്തെ മൂല്യം കണക്കാക്കിയാൽ 20 ബില്യൺ ഡോളറാണ് കപ്പലിലുണ്ടായിരുന്ന നിധിയെന്നാണ് റിപ്പോർട്ട്. 2015ൽ കൊളംബിയൻ സർക്കാരിനു കീഴിലുള്ള നാവികസേനയുടെ മുങ്ങൽ വിദഗ്ധർ 3100 അടി വെള്ളത്തിൽ കിടക്കുന്ന കപ്പൽ കണ്ടെത്തിയിരുന്നു. 2022 ൽ, ഒരു സംഘം കപ്പലിലെ നിധിയുടെ ചിത്രങ്ങളും ക്ലിക്ക് ചെയ്തു. കൊളംബിയയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ കാലാവധി 2026-ൽ അവസാനിക്കുന്നതിന് മുമ്പ് നിധി കപ്പൽ പുറത്തെടുത്തേക്കും.