ഡൽഹിയിലെയും എൻസിആറിലെയും അന്തരീക്ഷ മലിനീകരണ സാഹചര്യത്തെക്കുറിച്ച് അവലോകന യോഗം നടത്തി കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ്- സിഎക്യുഎം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, തൻ്റെ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്രമന്ത്രി അന്തരീക്ഷ മലിനീകരണ സാഹചര്യം അവലോകനം ചെയ്തു. അന്തരീക്ഷ മലിനീകരണ തോത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ആശങ്ക സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ ചൗബെ ഇതിൽ രാഷ്ട്രീയം വേണ്ടെന്നും ഇത് നിയന്ത്രിക്കാൻ വൈക്കോൽ കത്തിക്കുന്നത് നിർത്തണമെന്നുമുള്ള സുപ്രീം കോടതിയുടെ നിർദേശം ശരിയാണെന്നും പറഞ്ഞു. കുറ്റിക്കാടുകൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വായു ഗുണനിലവാരം കൂടുതൽ വഷളാകുന്നത് തടയാൻ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ ഘട്ടം-IV പ്രകാരം 8-പോയിന്റ് ആക്ഷൻ പ്ലാൻ ദേശീയ തലസ്ഥാന മേഖലയിലാകെ നിലവിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.