ഫെഡറല്‍ നയങ്ങള്‍ തുല്യമായ രീതിയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെട്ട് ഹാലിഫാക്‌സിലെ പ്രീമിയര്‍മാരുടെ സമ്മേളനം. രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, കാര്‍ബണ്‍ വിലനിര്‍ണയ നടപടികളുടെ സ്വാധീനം തുടങ്ങിയ നിരവധി ഘടകങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ആരോഗ്യ സംരക്ഷണമാണ് കൗണ്‍സില്‍ ഓഫ് ഫെഡറേഷന്‍ മീറ്റിംഗില്‍ പ്രധാന അജണ്ടയെന്ന് നോവസ്‌കോഷ്യ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ പറഞ്ഞു. ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട് യോഗത്തില്‍ പങ്കെടുത്തില്ല. പകരം അദ്ദേഹത്തെ പ്രതിനിധീകരിച്ച് കനേഡിയന്‍ റിലേഷന്‍സ് മന്ത്രി ജീന്‍-ഫ്രാന്‍സ്വേ റോബര്‍ജ് യോഗത്തില്‍ പങ്കെടുത്തു.
ഫെഡറല്‍ ഇന്ധന നിരക്കുകള്‍ ബാധകമാകുന്ന 10 അധികാര പരിധികളില്‍ ഗാര്‍ഹിക ഇന്ധന എണ്ണയ്ക്കുള്ള കാര്‍ബണ്‍ വിലനിര്‍ണയത്തിന് മൂന്ന് വര്‍ഷത്തെ താല്‍ക്കാലിക വിരാമം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് ശേഷമാണ് യോഗം നടക്കുന്നത്. കാര്‍ബണ്‍ വില നിര്‍ണയം താല്‍ക്കാലികമായി നിര്‍ത്തുന്നത് അന്യായമാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി പറയുന്നു. അതേസമയം, കാനഡയിലുടനീളം കാര്‍ബണ്‍ വിലനിര്‍ണയം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു.