ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ കാനഡയിലുടനീളം വിദ്വോഷ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. ടൊറന്റോയില്‍ ജൂത വിരുദ്ധ, ഇസ്ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങള്‍ കൂടുതലായതായി ടൊറന്റോ പോലീസ് മേധാവി മൈറോണ്‍ ഡെംകിവ് പറഞ്ഞു. ഇതിനിടെ നിരവധി വിദ്വേഷ കുറ്റകൃത്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെംകിവ് അറിയിച്ചു.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നവംബര്‍ 5 മുതല്‍ 11 വരെ ക്രൈം പ്രിവന്‍ഷന്‍ വീക്ക് ആരംഭിച്ചതായി ഡെംകിവ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കെതിരെ അവബോധം, ഇടപെടല്‍, പ്രതിരോധം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 132 ശതമാനം വര്‍ധന ഉണ്ടായതായി കഴിഞ്ഞ മാസം പോലീസ് പറഞ്ഞിരുന്നു. ഒരു പ്രത്യേക ഗ്രൂപ്പിന് നേരെ വിവേചനപരമോ വിദ്വേഷപരമോ ആയ പെരുമാറ്റം കണ്ടാല്‍ പോലീസില്‍ വിവരമറിയിക്കാന്‍ എല്ലാവരും തയാറാകണമെന്നും ഡെംകിവ് പറഞ്ഞു.