കാനഡയിലേക്ക് വ്യാജ നാണയങ്ങള്‍ കടത്തി: ക്യുബെക്ക് സ്വദേശിക്കെതിരെ കുറ്റാരോപണം 

By: 600002 On: Nov 7, 2023, 9:34 AM

 

 

വ്യാജ കറന്‍സി കാനഡയിലേക്ക് കടത്താന്‍ ശ്രമിച്ച ക്യുബെക്ക് സ്വദേശിക്കെതിരെ കുറ്റം ചുമത്തിയതായി കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് അറിയിച്ചു. ചൈനയില്‍ നിന്നും വ്യാജ കറന്‍സി ഇറക്കുമതി ചെയ്ത ക്യുബെക്ക് സ്വദേശിയായ ജീന്‍-ഫ്രാന്‍സ്വേ ജെനറക്‌സ് എന്നയാളാണ് കുറ്റാരോപണം നേരിടുന്നത്. മിറാബലില്‍ കൊറിയര്‍ പരിശോധനയ്ക്കിടെയാണ് ചൈനയില്‍ നിന്ന് 12,049 കനേഡിയന്‍ 2 ഡോളറിന്റെ വ്യാജ നാണയങ്ങള്‍  കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീന്‍ കള്ളപ്പണം കാനഡയിലേക്ക് ഇറക്കുമതി ചെയ്തതായി കണ്ടെത്തി. പണം വാങ്ങുക, ഇറക്കുമതി ചെയ്യുക, കൈവശം വയ്ക്കുക,  കസ്റ്റംസ് ഡിക്ലറേഷനില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ ആരോപണങ്ങളാണ് ജീന്‍ നേരിടുന്നത്. ഡിസംബര്‍ നാലിന് സോറല്‍-ട്രേസി കോടതിയില്‍ പ്രതിയെ ഹാജരാക്കും. 

ഫെബ്രുവരി ഏഴിന് പ്രതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സിബിഎസ്എ ഏജന്റുമാര്‍ 14,581 കനേഡിയന്‍ 2 ഡോളര്‍ നാണയങ്ങളും 91 യുഎസ് 50 ഡോളറിന്റെ ബില്ലുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത എല്ലാ നാണയങ്ങളും ബില്ലുകളും വ്യാജമാണെന്ന് ആര്‍സിഎംപിയുടെ നാഷണല്‍ ആന്റി കൗണ്ടര്‍ഫെയ്റ്റ് ബ്യൂറോയും റോയല്‍ കനേഡിയന്‍ മിന്റും ചേര്‍ന്ന് കണ്ടെത്തി.