സായുധ സേനയിലെ വനിതകൾക്ക് പ്രസവം, ശിശു സംരക്ഷണം,കുട്ടികളെ ദത്തെടുക്കൽ എന്നിവയ്ക്കുള്ള നിയമങ്ങൾ വിപുലീകരിക്കാനുള്ള നിർദ്ദേശത്തിന് രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നൽകി. സൈനികർ, നാവികർ, വ്യോമസേനാ പോരാളികൾ ഉൾപ്പെടെ സേനയിലെ മുഴുവൻ സ്ത്രീകൾക്കും നിയമം ബാധകമാവും. സായുധ സേനയിലെ എല്ലാ സ്ത്രീകളെയും അവരുടെ റാങ്കുകൾ പരിഗണിക്കാതെ ഉൾക്കൊള്ളുന്ന പങ്കാളിത്തം എന്ന രക്ഷാ മന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് തീരുമാനം. സായുധ സേനയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രത്യേക കുടുംബ, സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അവധി നിയമങ്ങളുടെ വിപുലീകരണം വളരെയധികം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഈ നടപടി സൈന്യത്തിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രൊഫഷണൽ, കുടുംബ ജീവിതത്തിൻ്റെ മേഖലകൾ മികച്ച രീതിയിൽ സന്തുലിതമാക്കാൻ അവരെ സഹായിക്കുകയും ചെയ്യും.സ്ത്രീകളെ പട്ടാളക്കാരായും നാവികരായും വ്യോമസേനാ യോദ്ധാക്കളായും ഉൾപ്പെടുത്തിക്കൊണ്ട് മൂന്ന് സർവീസുകളും മാതൃകാപരമായ മാറ്റത്തിന് നേതൃത്വം നൽകിയതായാണ് റിപ്പോർട്ട്.