യുകെ പ്രധാനമന്ത്രി ഋഷി സുനക്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Nov 5, 2023, 2:12 AM

പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ പ്രധാനമന്ത്രി ഋഷി സുനക്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ കൈമാറുകയും ചെയ്തു. യുകെ പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ ഭീകരതയ്ക്കും അക്രമത്തിനും ഇടമില്ലെന്നും സാധാരണക്കാരുടെ മരണം ഗുരുതരമായ ആശങ്കയാണെന്നും ഇരുവരും വ്യക്തമാക്കി. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, തുടർ മാനുഷിക സഹായം എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള സംഭാഷണത്തിൽ , പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ ഇരു നേതാക്കളും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. സുരക്ഷയും മാനുഷികവുമായ സ്ഥിതിഗതികൾ നേരത്തേ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റും ആവശ്യപ്പെട്ടു. മേഖലയിൽ സുസ്ഥിരമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള പ്രതിജ്ഞാബദ്ധതയും ഇരു നേതാക്കളും ആവർത്തിച്ചു.