നയങ്ങളിലൂടെയും ഉദ്ദേശ്യങ്ങളിലൂടെയും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്ന് സർക്കാർ തെളിയിച്ചതായി പ്രധാനമന്ത്രി മോദി

By: 600021 On: Nov 5, 2023, 2:04 AM

വേലിക്കെട്ടുകളിൽ നിന്ന് മോചനം നേടി ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാർട്ടപ്പ്, മൊബൈൽ നിർമാണം, ഡിജിറ്റൽ ഇടപാടുകൾ എന്നിങ്ങനെ പുതിയ ഉയരങ്ങളിലെത്താനുള്ള തടസ്സങ്ങൾ ഇന്ത്യ മറികടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മുന്നിലുള്ള യഥാർത്ഥ തടസ്സം രാജവംശ രാഷ്ട്രീയവും സ്വജനപക്ഷപാതവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗവും ദാരിദ്ര്യം കുറയ്ക്കലും ഒരു വലിയ സാമ്പത്തിക ചക്രത്തിൻ്റെ അടിത്തറയായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൻ്റെ സർക്കാരിൻ്റെ മൂന്നാം ടേമിൽ നമ്മുടെ ഇച്ഛാശക്തി ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. നയങ്ങളിലൂടെയും ഉദ്ദേശ്യങ്ങളിലൂടെയും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുമെന്ന് സർക്കാർ തെളിയിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ചന്ദ്രയാൻ-3 ൻ്റെ വിജയത്തോടെ ഓരോ പൗരനിലും പുതിയ ആത്മവിശ്വാസം ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ, ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ലോകത്തോട് സഹായം അഭ്യർത്ഥിച്ചിരുന്നെന്നും ഇപ്പോൾ ആക്രമണത്തിന് പിന്നിലുള്ളവർ അവരെ രക്ഷിക്കാൻ ലോകത്തോട് അഭ്യർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രവർത്തനങ്ങൾ ലോകത്തിൻ്റെ ചിന്താഗതിയെ മാറ്റിമറിച്ചെന്ന് മോദി പറഞ്ഞു. കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങളിൽ ഇന്ത്യ ലോകത്തിന് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.