ആല്‍ബെര്‍ട്ട കാട്ടുതീ: സമീപകാലത്തെ ശരാശരിയേക്കാള്‍ 10 മടങ്ങ് കാഠിന്യമേറിയതെന്ന് സര്‍ക്കാര്‍; 2.2 മില്യണ്‍ ഹെക്ടര്‍ ഭൂമി കത്തിനശിച്ചു

By: 600002 On: Nov 4, 2023, 9:16 AM

 


ആല്‍ബെര്‍ട്ടയില്‍ ഈ വര്‍ഷത്തെ കാട്ടുതീ സീസണ്‍ കഴിഞ്ഞകാലങ്ങളേക്കാള്‍ കാഠിന്യമേറിയതാണെന്ന് സര്‍ക്കാര്‍. 2023 ലെ കാട്ടുതീ സീസണ്‍ ഒക്ടോബര്‍ 31 ന് ഔദ്യോഗികമായി അവസാനിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. റെക്കോര്‍ഡ് കാട്ടുതീ സീസണില്‍ ആല്‍ബെര്‍ട്ടയില്‍ മൊത്തം 2.2 മില്യണ്‍ ഹെക്ടര്‍ വനപ്രദേശം കത്തി നശിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സീസണില്‍ ആല്‍ബെര്‍ട്ടയില്‍ രേഖപ്പെടുത്തിയത് 1,092 കാട്ടുതീകളാണ്. ഇത് 2018-2022 കാലയളവിലെ കാട്ടുതീകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. അതുപോലെ തന്നെ കാട്ടുതീയുണ്ടാക്കിയ നാശനഷ്ടങ്ങളും പത്ത് മടങ്ങ് കൂടുതലാണ്. 

മാര്‍ച്ച് ഒന്നിനാണ് കാട്ടുതീ സീസണ്‍ ഔദ്യോഗികമായി ആരംഭിച്ചത്. 48 ആല്‍ബെര്‍ട്ട കമ്മ്യൂണിറ്റികളെയും 38,000 ത്തിലധികം ആളുകളെയും കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31 ന് കാട്ടുതീ സീസണ്‍ അവസാനിച്ചെങ്കിലും ആല്‍ബെര്‍ട്ടയില്‍ ഇപ്പോഴും 72 കാട്ടുതീകള്‍ സജീവമാണ്. 

കാട്ടുതീ രൂക്ഷമായതിനെ തുടര്‍ന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രവിശ്യകളില്‍ നിന്നും അമേരിക്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്. ചിലി, കോസ്റ്ററിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളും കനേഡിയന്‍ സായുധ സേനയും കാട്ടുതീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയിരുന്നു.