ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ഇസ്രയേലിനോട് അഭ്യർത്ഥിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ

By: 600021 On: Nov 4, 2023, 1:16 AM

ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേലിനോട് അഭ്യർത്ഥിച്ചു. ഫലസ്തീൻ എൻക്ലേവിന് നേരെയുള്ള ബോംബാക്രമണം തുടരുകയും മരണസംഖ്യ കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥന. ഗാസ മുനമ്പിലെ സിവിലിയൻമാർക്കുണ്ടാകുന്ന ദ്രോഹങ്ങൾ കുറയ്ക്കുന്നതിന് യുദ്ധത്തിൽ മാനുഷികമായ ഇടവേളകൾ നൽകാൻ ലക്ഷ്യമിട്ടാണ് ബ്ലിങ്കൻ്റെ ഇസ്രായേൽ സന്ദർശനം. ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ മാരകമായ ആക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് അദ്ദേഹം രാജ്യം സന്ദർശിക്കുന്നത്. ഇത്തരമൊരു ആക്രമണം ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും ബ്ലിങ്കെൻ ആവർത്തിച്ചു. അതേസമയം, ഹമാസുമായുള്ള സംഘർഷത്തിൽ താൽക്കാലിക വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ അത്തരം നീക്കത്തോട് താൻ സമ്മതിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.