സാമ്പത്തിക, സാങ്കേതിക സഹകരണ കരാറിൻ്റെ (ETCA) 12-ാം റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയും ശ്രീലങ്കയും

By: 600021 On: Nov 4, 2023, 1:14 AM

ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണ കരാറിൻ്റെ (ETCA) 12-ാം റൗണ്ട് ചർച്ചകൾ അവസാനിച്ചു. ഒക്ടോബർ 30 ന് ആരംഭിച്ച് ഇന്നലെ വരെ നീണ്ടുനിന്ന ചർച്ചകൾ ഉഭയകക്ഷി സാമ്പത്തിക ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാനമായ ചുവടുവെപ്പായി. ചരക്കിലെ വ്യാപാരം, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ, സേവനങ്ങളിലെ വ്യാപാരം ഉൾപ്പെടെ നിർണായക മേഖലകൾ ഇരുവശത്തു നിന്നുമുള്ള പ്രതിനിധികൾ പരിശോധിച്ചു. മുൻ ചർച്ചകളിൽ കൈവരിച്ച പുരോഗതിയെ ഇരുപക്ഷവും അഭിനന്ദിക്കുകയും ചില പ്രശ്നങ്ങൾ പരിഹരിച്ചതായി പരിഗണിക്കാൻ തീരുമാനിക്കുകയും ചെയ്തു. വസ്ത്ര ക്വോട്ടകളും ഫാർമസ്യൂട്ടിക്കൽ സംഭരണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച തുടരാൻ ഇരുപക്ഷവും സമ്മതിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഇന്ത്യ-ശ്രീലങ്ക ETCA വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലേയും ശ്രീലങ്കയിലേയും വ്യാപാര പങ്കാളിത്തത്തിലെ വലിയ സാധ്യതകളും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ മെച്ചപ്പെട്ട സാമ്പത്തിക ബന്ധത്തിനുള്ള സാധ്യതകളും ഇരുപക്ഷവും അംഗീകരിച്ചു. 2021ൽ 5.45 ബില്യൺ ഡോളറിൻ്റെ മൊത്തത്തിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ.