കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ-ജല സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

By: 600021 On: Nov 4, 2023, 1:11 AM

കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ-ജല സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാൻ യോജിച്ച നടപടി ആവശ്യമാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. തദ്ദേശീയമായ അറിവുകൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും അവർ അടിവരയിട്ടു. ന്യൂഡൽഹിയിൽ ദേശീയതല ആർട്ട് എക്‌സിബിഷൻ്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യവേ, വനം സേനയുടെ മുൻനിരക്കാർക്ക് അവരുടെ അവകാശങ്ങളും അർഹമായ സ്ഥാനവും സമൂഹത്തിലെ അംഗീകാരവും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ ജീവിതമൂല്യങ്ങൾ സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി. ലോകത്തിലെ മൊത്തം കടുവകളുടെ ജനസംഖ്യയുടെ 70 ശതമാനവും ഇന്ത്യയിലാണ് കാണപ്പെടുന്നതെന്നും കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള സമൂഹങ്ങൾക്കും ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിക്കാനുണ്ടെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു. ഒഡീഷയിലെ തൻ്റെ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിംലിപാൽ ടൈഗർ റിസർവിലും ധാരാളം കടുവകളുണ്ടെന്ന് അവർ പറഞ്ഞു. സിംലിപാൽ പോലുള്ള സ്ഥലങ്ങളിൽ ലഭ്യമായ സമ്പന്നമായ ജൈവവൈവിധ്യവും വനസമ്പത്തും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമൂഹവും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.