ഇറ്റാലിയൻ കമ്പനികൾക്ക് ഇന്ത്യയിൽ 6.3 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപമുള്ളതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ.

By: 600021 On: Nov 4, 2023, 1:08 AM

ഏകദേശം 750 ഇറ്റാലിയൻ കമ്പനികൾക്ക് ഇന്ത്യയിൽ 6.3 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപമുള്ളതായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. വെല്ലുവിളികളെ ചെറുക്കുന്നതിന് കൂടുതൽ വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖല നിർമ്മിക്കേണ്ടത് രാജ്യങ്ങൾക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പങ്കാളികളായ യൂറോപ്യൻ യൂണിയനെയും പ്രത്യേകിച്ച് ഇറ്റലിയെയും നോക്കുമ്പോൾ രാഷ്ട്രീയവും സാങ്കേതികവുമായ സഹകരണത്തിൻ്റെ കാര്യത്തിൽ ഇന്ത്യ വളരെ ഉയർന്ന സ്ഥാനത്താണെന്നും ഡോ. ജയശങ്കർ പറഞ്ഞു. റോമിൽ സെനറ്റിൻ്റെ വിദേശകാര്യ-പ്രതിരോധ കമ്മിഷൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ. ജയ്‌ശങ്കർ. ഇറ്റലിയുടെയും യൂറോപ്യൻ യൂണിയൻ്റെയും ഇന്തോ-പസഫിക്കിലെ കൂടുതൽ താൽപ്പര്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ആഗോള സംഘർഷങ്ങളെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ച ഡോ. ജയശങ്കർ പുനർ-ആഗോളവൽക്കരണം ഉറപ്പാക്കുന്നതിനും കൂടുതൽ ഉൽപാദന കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും ഇറ്റലിയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഡൊമെയ്‌നിലെ വിശ്വാസവും സുതാര്യതയും ഉറപ്പാക്കാൻ ഇന്ത്യയും ഇറ്റലിയും യൂറോപ്യൻ യൂണിയനും ചേർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇറ്റലിയുമായുള്ള ദൃഢമായ ബന്ധം എടുത്തുപറഞ്ഞുകൊണ്ട് വിവിധ സംരംഭങ്ങളിൽ ഇറ്റലിയിൽ നിന്ന് ഇന്ത്യ എപ്പോഴും വലിയ പിന്തുണ കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. ജയശങ്കർ പറഞ്ഞു.