ചരക്കുകളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കൈവരിക്കാൻ ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.

By: 600021 On: Nov 4, 2023, 1:05 AM

ചരക്കുകളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കൈവരിക്കുന്നതിന് ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ന്യൂഡൽഹിയിൽ നടന്ന ജി20 സ്റ്റാൻഡേർഡ് ഡയലോഗ് 2023-നെ അഭിസംബോധന ചെയ്തുകൊണ്ട്, ഗുണനിലവാര നിയന്ത്രണത്തിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് ഗോയൽ പറഞ്ഞു. വരും കാലങ്ങളിൽ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളും നിലവാരവും നൽകുന്ന രാജ്യമായി ഇന്ത്യ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ വളർച്ച കൈവരിക്കുന്നതിനെക്കുറിച്ച് സംസാരിച്ച മന്ത്രി, ഉപഭോക്താക്കൾക്ക് അവരുടെ മൗലികാവകാശമായ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനാണ് രാജ്യത്തിന്റെ ശ്രമമെന്ന് വ്യക്തമാക്കി. ഉയർന്ന നിലവാരം പുലർത്താൻ കഴിവുള്ളവർ വിപണികളെയും വിലകളെയും പ്രക്രിയകളെയും നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മാനദണ്ഡങ്ങൾക്കും സുസ്ഥിരതയ്ക്കുമുള്ള ഒരു മാർഗരേഖ പ്രദാനം ചെയ്യുന്നുവെന്ന് ഗോയൽ പറഞ്ഞു. നിലവാരം, സ്കെയിൽ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ ലോകത്തോട് തുല്യമായി മത്സരിപ്പിക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.