ഓണ്‍ലൈന്‍ ഗെയിം അപ്‌ലോഡ് ചെയ്ത കോക്രെയ്ന്‍ സ്വദേശിനിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു 

By: 600002 On: Nov 3, 2023, 11:26 AM



 


ഓണ്‍ലൈന്‍ ഗെയിം അപ്‌ലോഡ് ചെയ്ത യുവതിയുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ആല്‍ബെര്‍ട്ടയിലെ കോക്രെയ്ന്‍ സ്വദേശിനിയായ സൂസന്‍ ജര്‍മന്‍ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. തന്റെ ഒമ്പത് വയസ്സുള്ള മകള്‍ക്ക്  വോള്‍ഫ് ഓണ്‍ലൈന്‍ 2 എന്ന ഗെയിം ഡൗണ്‍ലോഡ് ചെയ്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും മകളുടെ ഐപാഡിലേക്ക് ഗെയിം ഡൗണ്‍ലോഡ് ചെയ്ത് നല്‍കി. ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തതിന് തൊട്ടുപിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് സൂസന്‍ പറയുന്നു. 

ചില അപരിചതമായ സന്ദേശങ്ങള്‍ വന്നതിന് പിന്നാലെ ഹാക്കിംഗ് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ഗെയിം ഡിലീറ്റ് ചെയ്യുകയും ഫോണ്‍ നിരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ഹാക്കര്‍മാര്‍ ആപ്പിള്‍ ഐഡി യൂസര്‍ നെയിമും പാസ്‌വേഡും മാറ്റി എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. പാസ്‌വേഡുകള്‍, ഇ മെയിലുകള്‍ എന്നിവ നിരന്തരം മാറ്റിയിട്ടും ഇത് തുടര്‍ന്നു. ബാങ്കിംഗ് വിവരങ്ങള്‍, ടാക്‌സ് വിവരങ്ങള്‍, മറ്റ് പ്രധാന രേഖകള്‍ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ടു. 

തുടര്‍ച്ചയായി ഹാക്കിംഗ് തുടര്‍ന്നപ്പോള്‍ പരിഹരിക്കാനായി വിദഗ്ധരുടെ സഹായം തേടി. പരിഹാരം കാണുന്നത് വരെ ഇന്റര്‍നെറ്റ് ഉപേക്ഷിച്ചതായും സൂസന്‍ പറഞ്ഞു. 
ഇതുപോലെ അനുഭവം മറ്റാര്‍ക്കുമുണ്ടാകരുതെന്ന് സൂസന്‍ പറയുന്നു. ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മുന്‍കരുതലെടുത്തിരിക്കണം. രേഖകളും, വിവരങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സൂസന്‍ പറഞ്ഞു.