ഒന്റാരിയോയില്‍ ഫോര്‍-പ്രോഫിറ്റ് ക്ലിനിക്കുകള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാകും; സ്റ്റാഫ് ക്ഷാമം വര്‍ധിപ്പിക്കും,കാത്തിരിപ്പ് സമയം കൂടും: റിപ്പോര്‍ട്ട് 

By: 600002 On: Nov 3, 2023, 10:55 AM

 

 


ശസ്ത്രക്രിയകളും രോഗനിര്‍ണയ നടപടിക്രമങ്ങളും നടത്താന്‍ കൂടുതല്‍ ഫോര്‍-പ്രോഫിറ്റ് ക്ലിനിക്കുകളെ അനുവദിക്കാനുള്ള ഒന്റാരിയോയുടെ പദ്ധതി പബ്ലിക് സെക്ടറില്‍ സ്റ്റാഫ് ക്ഷാമം രൂക്ഷമാക്കുമെന്നും കാത്തിരിപ്പ് സമയം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട്. കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലയളവില്‍ ഒന്റാരിയോയില്‍ ഫോര്‍-പ്രോഫിറ്റ് ക്ലിനിക്കുകളില്‍ ശസ്ത്രക്രിയയും മെഡിക്കല്‍ ഇമേജിംഗും തുടങ്ങി. ഇത് അര ബില്യണ്‍ ഡോളറിന്റെ വ്യവസായമായിരുന്നു. ഈ മേഖലയിലേക്കുള്ള വിപുലീകരണം പബ്ലിക് സെക്ടറിലേക്കുള്ള ജീവനക്കാരുടെ കുറവ് കൂടുതല്‍ വഷളാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ മെയ് മാസത്തില്‍ ഒന്റാരിയോ സര്‍ക്കാര്‍ ബില്‍ 60 എന്ന പേരില്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിന്(OHIP)  കീഴില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ അനുമതി നല്‍കികൊണ്ട് ബില്‍ പാസാക്കിയിരുന്നു. തിമിര ശസ്ത്രക്രിയകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍, കാല്‍മുട്ട്, ഇടുപ്പ് എന്നിവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

കഴിഞ്ഞ വര്‍ഷം ഇടുപ്പ്, കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി ഒന്റാരിയോയില്‍ രോഗികള്‍ വളരെ കുറഞ്ഞ കാത്തിരിപ്പ് സമയമേ നേരിട്ടിരുന്നുള്ളൂ. ഏകദേശം 72 ശതമാനം ഇടുപ്പ് ശസ്ത്രക്രിയയും 68 ശതമാനം കാല്‍മുട്ട് മാറ്റിവെക്കലും 26 ആഴ്ചയ്ക്കകമാണ് നടത്തിയത്.