ജൂത വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മൂന്ന് കനേഡിയന്‍ യൂണിവേഴ്‌സിറ്റികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂത വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവാദപ്രസ്താവനകള്‍ വിദ്യാര്‍ത്ഥികള്‍ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് യോര്‍ക്ക് യൂണിവേഴ്‌സിറ്റിക്കെതിരെ 15 മില്യണ്‍ ഡോളര്‍ ക്ലാസ് ആക്ഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മറ്റ് മൂന്ന് യൂണിവേഴ്‌സിറ്റികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിയമ സ്ഥാപനമായ ഡയമണ്ട് ആന്‍ഡ് ഡയമണ്ട് ആണ് കേസെടുത്തിരിക്കുന്നത്.
ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി(ടിഎംയു), ക്വീന്‍സ് യൂണിവേഴ്‌സിറ്റി, ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്കെതിരെ നിലവിലുള്ള ജൂത വിദ്യാര്‍ത്ഥികളെയും 1998 മുതലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പ്രതിനിധീകരിക്കുന്ന 15 മില്യണ്‍ ഡോളര്‍ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട് ആരംഭിച്ചതായി ഡയമണ്ട് ആന്‍ഡ് ഡയമണ്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യഹൂദ വിരുദ്ധ സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യൂണിവേഴ്‌സിറ്റികള്‍ പരാജയപ്പെട്ടുവെന്നും സ്ഥാപനങ്ങള്‍ വിവേചനപരമായി പ്രവര്‍ത്തിട്ടുവെന്നും പ്രസ്താവനകളോ പ്രതിഷേധങ്ങളോ കൈകാര്യം ചെയ്യുന്നതില്‍ കോളേജിലെ സ്റ്റാഫുകള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതായി ഡയണ്ട് ആന്‍ഡ് ഡയമണ്ട് ആരോപിക്കുന്നു. നിരവധി പരാതികള്‍ ലഭിച്ചിട്ടും സെമിറ്റിക് വിരുദ്ധ സംഭവങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ നടപടിയെടുക്കുന്നതില്‍ സര്‍വകലാശാലകള്‍ പരാജയപ്പെട്ടുവെന്നും ഡയമണ്ട് ആന്‍ഡ് ഡയമണ്ട് ആരോപിക്കുന്നു.