കാനഡ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ നിരക്ക് ഇരട്ടിയാക്കേണ്ടതുണ്ട്: ആര്‍ബിസി 

By: 600002 On: Nov 3, 2023, 8:46 AM

 

 

കാനഡയിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ആര്‍ബിസി റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആര്‍ബിസിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2026 മുതല്‍ കാനഡ  പുതിയ കുടിയേറ്റക്കാരുടെ എണ്ണം 500,000 ആയി നിലനിര്‍ത്തുമെന്ന് മാര്‍ക്ക് മില്ലര്‍ ഇമിഗ്രേഷന്‍ പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരുന്നു. ആര്‍ബിസി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ഇമിഗ്രേഷന്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. 

രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഹ്രസ്വകാലത്തേക്ക് ഞെരുക്കം അനുഭവപ്പെടില്ലെങ്കിലും കാനഡയിലേക്കുള്ള നിലവിലെ കുടിയേറ്റ നിരക്ക് ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പര്യാപ്തമല്ലെന്ന് ആര്‍ബിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാനഡയ്ക്ക് ദീര്‍ഘകാലത്തേക്ക് കുടിയേറ്റക്കാരെ ആവശ്യമുണ്ട്. ജനസംഖ്യയുടെ 1.3 ശതമാനം വാര്‍ഷിക കുടിയേറ്റക്കാരുടെ എണ്ണം ജനസംഖ്യയുടെ പ്രായഘടന സ്ഥിരപ്പെടുത്താന്‍ പര്യാപ്തമല്ല, ഇതിന് ഏകദേശം 2.1 ശതമാനം കുടിയേറ്റക്കാരുടെ ഇന്‍ടേക്ക് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാനഡയിലെ ഭവന പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കുടിയേറ്റക്കാരുടെ വര്‍ധനവ് ഉചിതമാണെന്നും ആര്‍ബിസി വ്യക്തമാക്കുന്നു. ഫെഡറല്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്ന കുടിയേറ്റക്കാരില്‍ കൂടുതല്‍ സെലക്ടീവായിരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിസി വ്യക്തമാക്കുന്നു.