എഡ്മന്റണിലെ റിപ്പോസിറ്ററിയില്‍ സൂക്ഷിച്ചിരിക്കുന്ന കോര്‍ഡ് ബ്ലഡ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും: ഹെല്‍ത്ത് കാനഡയുടെ മുന്നറിയിപ്പ് 

By: 600002 On: Nov 3, 2023, 7:52 AM

 


എഡ്മന്റണിലെ കനേഡിയന്‍ കോര്‍ഡ് ബ്ലഡ് ബയോറിപ്പോസിറ്ററിയില്‍(സിസിബിആര്‍)സംഭരിച്ചിരിക്കുന്ന കോര്‍ഡ് ബ്ലഡുമായി(സിശുക്കളുടെ പൊക്കിള്‍കൊടി രക്തം) ബന്ധപ്പെട്ട് ഹെല്‍ത്ത് കാനഡ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. എഡ്മന്റണിലെ ഫെസലിറ്റി സന്ദര്‍ശിച്ച ഹെല്‍ത്ത് കാനഡ വൃത്തിഹീനമായ സാഹചര്യത്തിലാണ് രക്തം സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. കൃത്യമായി അണുവിമുക്തമാക്കാതെ, വൃത്തിഹീനമായ സാഹചര്യത്തിലാണ് കോര്‍ഡ് ബ്ലഡ് സംഭരണം, പരിശോധന, സംസ്‌കരണം എന്നിവ നടത്തുന്നതെന്ന് കണ്ടെത്തി. 

താപനിലയും ഈര്‍പ്പവും നിരീക്ഷിക്കുന്നതിനുള്ള അപര്യാപ്തമായ നടപടികളും പ്രദേശങ്ങളിലെ മലിനീകരണവും രക്തം സൂക്ഷിക്കുന്നതിന് വെല്ലുവിളിയാകുന്നുവെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. 2014 മാര്‍ച്ച് 1 ന് ശേഷം ഏത് സമയത്തും ശേഖരിച്ചതും ടെസ്റ്റ് ചെയ്തതും പ്രോസസ് ചെയ്തതുമായ കോര്‍ഡ് ബ്ലഡിനാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ കോര്‍ഡ് ബ്ലഡ് ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി.  

യോഗ്യതയുള്ള ജീവനക്കാരുടെ അഭാവം, അണ്‍കാലിബ്രേറ്റഡ് ഉപകരണങ്ങളുടെ ഉപയോഗം, ജീവനക്കാര്‍ നടപടിക്രമങ്ങള്‍ തൃത്യമായി പാലിക്കാത്തത്, റെക്കോര്‍ഡ് കൃത്യമായി സൂക്ഷിക്കാത്തത് തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളും ഹെല്‍ത്ത് കാനഡ കണ്ടെത്തി. ഈ ഫെസിലിറ്റിയില്‍ നിന്നും കോര്‍ഡ് ബ്ലഡ് ഉപയോഗിക്കുന്നവര്‍ തേര്‍ഡ് പാര്‍ട്ടിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.