രാജ്യത്തുടനീളം ക്ലാസ് മുറികളിൽ തിരഞ്ഞെടുപ്പ് സാക്ഷരത നടപ്പിലാക്കാൻ ധാരണ ; ഒപ്പുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയവും

By: 600021 On: Nov 2, 2023, 8:04 PM

രാജ്യത്തുടനീളമുള്ള ക്ലാസ് മുറികളിൽ തിരഞ്ഞെടുപ്പ് സാക്ഷരത എത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയവും ഇന്ന് ഒപ്പുവച്ചു. മുഴുവൻ സ്‌കൂളുകളിലെയും 6 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന പാഠ്യപദ്ധതിയിലേക്ക് വോട്ടർ വിദ്യാഭ്യാസവും തിരഞ്ഞെടുപ്പ് സാക്ഷരതയും സമന്വയിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ധാരണാപത്രം. ഇനിമുതൽ വോട്ടർമാരെന്ന നിലയിൽ തങ്ങളുടെ ഭാവി റോളുകളെക്കുറിച്ചും കടമകളെക്കുറിച്ചും വിദ്യാർത്ഥികൾ പഠിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യേതര ഇടപെടലുകളുടെ ഭാഗമായി,എല്ലാ സീനിയർ സെക്കൻഡറി സ്‌കൂളിലെയും ഒരു മുറി ജനാധിപത്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഒരു ഡെമോക്രസി റൂമായും രൂപകൽപ്പന ചെയ്യും. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളുടെ വിവിധ വശങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും അതിൽ പങ്കെടുക്കാനും വിദ്യാർത്ഥികൾക്ക് ഇതോടെ വേദിയാവും. നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്, തിരഞ്ഞെടുപ്പ് സാക്ഷരതയെക്കുറിച്ചുള്ള ഉള്ളടക്കം ഉൾപ്പെടുത്തുന്നതിനായി പാഠപുസ്തകങ്ങൾ അവതരിപ്പിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും, ഇത് പിന്തുടരാൻ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളേയും മറ്റ് ബോർഡുകളേയും ഉപദേശിക്കും.