ഈ വർഷത്തെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

By: 600021 On: Nov 2, 2023, 7:58 PM

സംസ്ഥാന സർക്കാരിൻ്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്ക് കഥാകൃത്ത് ടി പത്മനാഭൻ ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് അർഹനായി. ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവർ കേരള പ്രഭ പുരസ്ക്കാരത്തിനും പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവർ കേരള ശ്രീ പുരസ്കാരത്തിന്നും അർഹരായി. അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. അതേസമയം, സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരളസര്‍ക്കാർ നൽകുന്ന എഴുത്തച്ഛന്‍ പുരസ്കാരം ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമായ ഡോ. എസ് കെ വസന്തന് ലഭിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.