ഒന്റാരിയോയില്‍ നിര്‍ബന്ധിത ഹോളോകോസ്റ്റ് വിദ്യാഭ്യാസം ഹൈസ്‌കൂളുകളിലേക്ക് വിപുലീകരിക്കുന്നു 

By: 600002 On: Nov 2, 2023, 11:22 AM

 


ഒന്റാരിയോയില്‍ നിര്‍ബന്ധിത ഹോളോകോസ്റ്റ് വിദ്യാഭ്യാസം ഹൈസ്‌കൂള്‍ തലത്തിലേക്ക് നീട്ടുന്നതായി വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്‌സെ അറിയിച്ചു. 2025 സെപ്തംബര്‍ മുതല്‍ ഗ്രേഡ് 10 ലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി ഹോളോകോസ്റ്റ് ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഫാസിസം പോലുള്ള തീവ്ര രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ചരിത്രപരവും ആധുനിക യഹൂദ വിരുദ്ധതയും പഠനത്തില്‍ കേന്ദ്രീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

യഹൂദ വിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും വളര്‍ച്ചയെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഹോളോകോസ്റ്റ് ഉള്‍പ്പെടുത്തിയ കോഴ്‌സെന്ന് ലെക്‌സെ പ്രസ്താവനയില്‍ പറഞ്ഞു. ഗ്രേഡ് 6 എലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഹോളോകോസ്റ്റ് നിര്‍ബന്ധിത പഠനം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഗ്രേഡ് 10 ലെ കനേഡിയന്‍ ചരിത്ര പാഠ്യപദ്ധതിയില്‍ സമാനമായ ഭാഗം ഉല്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹോളോകോസ്റ്റ് കനേഡിയന്‍ സമൂഹത്തെയും മനുഷ്യാവകാശങ്ങളെയും എങ്ങനെ സ്വാധീനിച്ചു എന്നതിലാണ് ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 

2025 ഓടെ പുതിയ കോഴ്‌സ് ഗൈഡ്‌ലൈന്‍ തയാറാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2025 ഓടെ ഹോളോകോസ്റ്റ് നിര്‍ബന്ധിത വിദ്യാഭ്യാസം വിപുലീകരിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.