ഇന്ത്യയും ബംഗ്ലദേശ് വ്യോമസേനയും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായി 20 അംഗ ബംഗ്ലാദേശ് എയർഫോഴ്സ് (BAF) പ്രതിനിധി സംഘം ഇന്ത്യയിലെ ദിമാപൂർ സന്ദർശിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ തൻവീർ മർസാനാണ് 13 ഉദ്യോഗസ്ഥരും ഏഴ് എയർമാൻമാരും അടങ്ങുന്ന സംഘത്തെ നയിച്ചത്.എയർ വൈസ് മാർഷൽ (അന്നത്തെ ഗ്രൂപ്പ് ക്യാപ്റ്റൻ) എ കെ ഖണ്ഡേക്കറുടെ നേതൃത്വത്തിൽ 1971 സെപ്തംബർ 28 ന് ഇന്ത്യയിലെ ദിമാപൂരിൽ വച്ചാണ് ബംഗ്ലദേശ് എയർഫോഴ്സ് രൂപീകൃതമായത്. പരേതനായ AVM (അന്നത്തെ Sqn Ldr) സുൽത്താൻ മഹമൂദാണ് യൂണിറ്റിൻ്റെ കമാൻഡർ. ഒൻപത് പൈലറ്റുമാരും 58 സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടതാണ് യൂണിറ്റെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുക BAF ഉദ്യോഗസ്ഥരെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്നതിന് സഹായിക്കുക തുടങ്ങിയവയും സന്ദർശനം ലക്ഷ്യമിടുന്നു.ധാക്കയിലെ BAF ബേസ് ബംഗബന്ധുവിൽ നിന്ന് ബംഗ്ലാദേശ് എയർഫോഴ്‌സിൻ്റെ എയർ വൈസ് മാർഷൽ ഹസൻ മഹമൂദ് ഖാൻ പ്രതിനിധി സംഘത്തെ യാത്രയയച്ചു.