വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ പര്യടനം നവംബർ 16-ന് എന്ന് ഇന്ത്യൻ റെയിൽവേ

By: 600021 On: Nov 2, 2023, 2:14 AM

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, ദേഖോ അപ്നാ ദേശ് എന്നീ സർക്കാർ സംരംഭങ്ങൾക്ക് കീഴിൽ നടത്തുന്ന ഭാരത് ഗൗരവ് ട്രെയിൻ പര്യടനം ഡൽഹിയിൽ നവംബർ 16ന് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. 15 ദിവസങ്ങളിലായി അസമിലെ ഗുവാഹത്തി, ശിവസാഗർ, ജോർഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, നാഗാലാൻഡിലെ ദിമാപൂർ, കൊഹിമ, മേഘാലയയിലെ ഷില്ലോംഗ്, ചിറാപുഞ്ചി എന്നിവിടങ്ങളിലാണ് ഭാരത് ഗൗരവ് പര്യടനം നടത്തുക. പൂർണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ എസി -1, എസി -2, എസി -3 എന്നിങ്ങനെ മൂന്ന് തരം താമസ സൗകര്യങ്ങൾ ലഭ്യമാണ്.സിസിടിവി ക്യാമറകൾ, ഇലക്‌ട്രോണിക് സേഫുകൾ, ഓരോ കോച്ചിനും നിയോഗിക്കപ്പെട്ട പ്രത്യേക സുരക്ഷാ ഗാർഡുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, ദേഖോ അപ്നാ ദേശ് എന്നീ സർക്കാർ സംരംഭങ്ങൾ തുടക്കമിട്ടിട്ടുള്ളത്.