കാല്‍ഗറി പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിയുടെ പേര് വെളിപ്പെടുത്തി

By: 600002 On: Nov 1, 2023, 12:03 PM

 

കാല്‍ഗറി പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിയുടെ പേര് വെളിപ്പെടുത്തി. അല്‍ അസാന്‍ ഷാ മുഹമ്മദ് എന്ന കൗമാരക്കാരനാണ് ആന്‍ഡ്രൂ ഹാര്‍നെറ്റ് എന്ന ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. 2020 ലാണ് സംഭവം നടന്നത്. അന്ന് 17 വയസ്സുള്ള പ്രതി വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ ഉദ്യോഗസ്ഥനെ അപകടത്തില്‍പ്പെടുത്തുകയായിരുന്നു. വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തുമെന്ന ഭയത്തിലാണ് ട്രാഫിക് സ്റ്റോപ്പില്‍ നിന്നും രക്ഷപ്പെടാന്‍ മുഹമ്മദ് ശ്രമിച്ചത്. ഇതേതുടര്‍ന്നാണ് വാഹനം ഹാര്‍നെറ്റിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. 

കുറ്റകൃത്യം നടക്കുമ്പോള്‍ മുഹമ്മദിന് 17 വയസ്സായിരുന്നു. അതിനാല്‍ യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത മുഹമ്മദിനെതിരെ ആദ്യം ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയത്. വിചാരണയ്ക്ക് ശേഷം നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു. പ്രായപൂര്‍ത്തിയായതിനാല്‍ 12 വര്‍ഷത്തെ തടവിന് വിധിച്ചു.