ടൊറന്റോയില്‍ ആംബുലന്‍സ് ക്ഷാമം ദിനംപ്രതി വര്‍ധിക്കുന്നു: പാരാമെഡിക് യൂണിയന്‍ 'കോഡ് റെഡ്' പുറപ്പെടുവിച്ചു 

By: 600002 On: Nov 1, 2023, 9:07 AM

 


ടൊറന്റോയില്‍ ആംബുലന്‍സ് ക്ഷാമം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാരാമെഡിക് യൂണിയന്‍. ആംബുലന്‍സ് ക്ഷാമം പ്രതിസന്ധി തീര്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച യൂണിയന്‍ കോഡ് റെഡ് പുറപ്പെടുവിച്ചു. നഗരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുകളുടെ അഭാവത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് കോഡ് റെഡ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം. 

അബോധാവസ്ഥയിലായ പ്രായമായ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും 28 മിനിറ്റിലധികം വൈകിയാണ് ആംബുലന്‍സ് എത്തുക എന്ന വിവരം ലഭിച്ചത്. പിന്നീട് ബന്ധുക്കള്‍ക്ക് പീല്‍ പാരാമെഡിക് സര്‍വീസസിനെ സഹായത്തിനായി വിളിക്കേണ്ടി വന്നു. ഇത് ടൊറന്റോയിലെ ആംബുലന്‍സ് സേവനങ്ങളിലുണ്ടായ പരിമിതിയെയും ക്ഷാമത്തെയുമാണ് വ്യക്തമാക്കുന്നതെന്ന് എക്‌സില്‍ യൂണിയന്‍ കുറിച്ചു. അയല്‍ മുനിസിപ്പാലിറ്റികളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഒക്ടോബര്‍ ആദ്യം യൂണിയന്‍ കോഡ് റെഡ് പുറപ്പെടുവിച്ചിരുന്നു.