ബീസിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളോകോസ്റ്റ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം: ഡേവിഡ് എബി 

By: 600002 On: Nov 1, 2023, 8:41 AM

 


ബ്രിട്ടീഷ് കൊളംബിയയിലെ ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഹോളോകോസ്റ്റിനെക്കുറിച്ചുള്ള പഠനം നിര്‍ബന്ധമാക്കാന്‍ പദ്ധതിയിടുന്നതായി പ്രീമിയര്‍ ഡേവിഡ് എബി. രണ്ടാം ലോകമഹായുദ്ധക്കാലത്തും അതിന് മുമ്പും അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ നടത്തിയ ജൂതന്മാരുടെ കൂട്ടക്കുരുതിയാണ് ഹോളോകോസ്റ്റ്. ചരിത്രത്തില ഈ ഭാഗത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ധാരണയുണ്ടായിരിക്കണം. അതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളും ഈ ഭാഗം പഠിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെന്ന് എബി പറഞ്ഞു. ഗ്രേഡ് 10 ലെ സാമൂഹിക പാഠ്യപദ്ധതിയിലായിരിക്കും ഈ മാറ്റമുണ്ടാകുകയെന്നും 2025-26 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജര്‍മന്‍ നാസികള്‍ ജൂതരോട് കാട്ടിയ ക്രൂരതയുടെയും കൂട്ടക്കുരുതിയുടെയും പാഠങ്ങള്‍ സാമൂഹിക പഠന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, കാനഡയിലും ലോകമെമ്പാടുമുള്ള വിവേചന നയങ്ങളെയും അനീതികളെയും കുറിച്ചുള്ള മറ്റ് പാഠങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ ഇതും പഠിക്കുമെന്ന് ഡേവിഡ് എബി പറയുന്നു. ബീസി കനേഡിയന്‍ ചാരിറ്റി ലിബറേഷന്‍ 75 പ്രകാരം നിര്‍ബന്ധിത ഹോളോകോസ്റ്റ് വിദ്യാഭ്യാസം നടപ്പിലാക്കുന്ന കാനഡയിലെ രണ്ടാമത്തെ പ്രവിശ്യയാണ് ബീസി.