പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഭൂവുടമകള്‍ 

By: 600002 On: Oct 31, 2023, 12:14 PM

 

 

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ഭവന പ്രതിസന്ധി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് ഭൂവുടമകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വാടക പ്രോപ്പര്‍ട്ടികള്‍ കുറച്ച് മാത്രമാണ് നിര്‍മിക്കപ്പെടുന്നത്. ചെറുതും വലുതുമായ കമ്പനികള്‍ അവരുടെ വാടക യൂണിറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ബിസിനസ് ചെയ്യുന്നതിന് വിലക്കയറ്റം ആവശ്യമാണെന്നും പറയുന്നു. വാടക വര്‍ധന കൊണ്ടുവരാനുള്ള അവകാശം ഭൂവുടമകള്‍ക്ക് ആവശ്യമാണെന്ന് പിഇഐയുടെ റെസിഡെന്‍ഷ്യല്‍ റെന്റര്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജൂണ്‍ എല്ലിസ് പറയുന്നു. 

അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ്, വീട്ടുപകരണങ്ങള്‍ വാങ്ങിക്കാനുള്ള ചെലവ്, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം വര്‍ധിച്ചു. വസ്തുക്കള്‍ക്കെല്ലാം വില കൂടി. അതിനാല്‍ വാടക വര്‍ധനവ് ആവശ്യമായി വരുന്നു. ഇത് വാടകക്കാരെയും ബുദ്ധിമുട്ടിക്കുന്നു. കൂടുതല്‍ ഭവനങ്ങള്‍ ഉണ്ടായാല്‍ വാടകയ്ക്ക് വരുന്ന കുടിയേറ്റക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാകില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.