റോസ്ഗർ മേള; യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ പ്രധാന ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Oct 29, 2023, 5:32 AM

രാജ്യത്തുടനീളം 37 സ്ഥലങ്ങളിൽ റോസ്ഗർ മേള നടന്നു. റെയിൽവേ മന്ത്രാലയം, ആഭ്യന്തരം, തപാൽ വകുപ്പ്, റവന്യൂ, ഉന്നത വിദ്യാഭ്യാസം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പുതിയ നിയമനം ലഭിച്ചവർക്കുള്ള 51,000-ത്തിലധികം നിയമന കത്തുകൾ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി കൈമാറി. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ അഭൂതപൂർവമായ വളർച്ച കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുനരുപയോഗ ഊർജം, ബഹിരാകാശം, ഓട്ടോമേഷൻ, പ്രതിരോധ കയറ്റുമതി തുടങ്ങിയ പുതിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത തൊഴിൽ മേഖലകളെ ശക്തിപ്പെടുത്താൻ സർക്കാർ സജീവമായ നടപടികൾ സ്വീകരിക്കുന്നതായി നിയമിതരായവരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ നൈപുണ്യ വികസനത്തിനായി മിഷൻ മോഡിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമന നടപടികൾ കൂടുതൽ സുതാര്യമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ മാത്രമല്ല, പരീക്ഷാ നടപടിക്രമങ്ങൾ പുനഃക്രമീകരിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്‌സി പരീക്ഷയുടെ ഉദാഹരണം നൽകിക്കൊണ്ട്, സ്റ്റാഫ് സെലക്ഷൻ സൈക്കിളിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള സമയവും പകുതിയായി കുറച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭാഷാ പ്രശ്‌നത്തിൽ ബുദ്ധിമുട്ടുന്ന യുവാക്കൾക്ക് സഹായകമാകുന്ന എസ്എസ്‌സി പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 പ്രാദേശിക ഭാഷകളിലും നടത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഖാദി മേഖലയുടെ വളർച്ചയെ പ്രശംസിച്ച പ്രധാനമന്ത്രി, ഖാദി ഉൽപന്നങ്ങളുടെ വിൽപന കഴിഞ്ഞ പത്ത് വർഷത്തിനിടെ 30,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷത്തി 25,000 കോടി രൂപയിൽ എത്തിയതായി പറഞ്ഞു. ഇത് ഖാദി, ഗ്രാമവ്യവസായ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും കൂടാതെ സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.