വാന്‍കുവറില്‍ ശരാശരി ഭവന വിലയും ശരാശരി വരുമാനക്കാരന് താങ്ങാനാകുന്ന വിലയും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Oct 28, 2023, 11:02 AM

 

 

വാന്‍കുവറില്‍ ശരാശരി ഭവന വിലയും ശരാശരി വരുമാനക്കാരന് താങ്ങാനാകുന്ന വിലയും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളില്‍ rates.ca  എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ആ അന്തരത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. നികുതിക്ക് ശേഷമുള്ള ഗാര്‍ഹിക വരുമാനവും ആ വരുമാനം നേടുന്ന കുടുംബത്തിന്റെ മോര്‍ട്ട്‌ഗേജും റിപ്പോര്‍ട്ടില്‍ താരതമ്യപ്പെടുത്തുന്നു. വരുമാനത്തെ ഭവന ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാന്‍കുവര്‍ ഏറ്റവും മോശം നഗരമാണ്. 

വാന്‍കുവറില്‍ ശരാശരി നികുതിക്ക് ശേഷമുള്ള കുടുംബ വരുമാനം 86,988 ഡോളറാണ്. ആ വരുമാനം ഉപയോഗിച്ച് ഒരു കുടംബത്തിന് 329,650 ഡോളര്‍ ഇന്‍ഷ്വര്‍ ചെയ്ത മോര്‍ട്ട്‌ഗേജോടു കൂടി 347,000 ഡോളര്‍ വില വരുന്ന വീടാണ് വാങ്ങിക്കാന്‍ സാധിക്കുക. ഓഗസ്റ്റിലെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കായ 5.29 ശതമാനത്തെ അടിസ്ഥാനമാക്കിയാണ് മോര്‍ട്ട്‌ഗേജ് നിരക്ക്. 

MLS സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം വാന്‍കുവറില്‍ വീടിന്റെ ശരാശരി വില 1,211,700 ഡോളറാണ്. ശരാശരി വരുമാനമുള്ള കുടുംബത്തിന് താങ്ങാനാകുന്നതിനേക്കാള്‍ 249 ശതമാനം അധികമാണ് വാന്‍കുവറില്‍ ഭവന വിലയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.