കരടി ആക്രമിക്കാന്‍ സാധ്യത: ഹാലോവീന്‍ ആഘോഷങ്ങളില്‍ മത്തങ്ങകള്‍ വീടിന് പുറത്തുവെക്കരുതെന്ന് ബീസിസിഒഎസ് 

By: 600002 On: Oct 28, 2023, 10:26 AM

 

 

ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി തയാറാക്കുന്ന ജാക്ക്-ഒ-ലാന്റണുകള്‍ വീടിന് പുറത്തുവെച്ചാല്‍ കരടി പോലുള്ള വന്യ ജീവികളെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ബീസി കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യകാലത്ത് മൃഗങ്ങള്‍ തീറ്റ തേടി പുറത്തേക്കിറങ്ങുന്ന സമയമാണ്. മത്തങ്ങ പോലുള്ളവ കരടികളുടെ ഇഷ്ടഭക്ഷണവുമാണ്. അതിനാല്‍ ഹാലോവീനിനായി അലങ്കരിച്ച മത്തങ്ങകള്‍ വീടിന് പുറത്തുവെക്കാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് ബീസിസിഒഎസ് പറയുന്നു. 

അമിതമായി വിശപ്പ് അനുഭവപ്പെടുന്ന കരടികള്‍ തീറ്റതേടി ജനവാസമേഖലകളിലേക്കും എത്തും. കരടികളെ അകറ്റി നിര്‍ത്താനായി മത്തങ്ങകള്‍ കൂടാതെ ഗാര്‍ബേജ്, വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം, പക്ഷികളുടെ തീറ്റ എന്നിവയും വീടിന് പുറത്ത് വെക്കരുതെന്ന് അധികൃതര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ നിര്‍ദ്ദേശിച്ചു. കരടികള്‍ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. 

പരമ്പരാഗത അലങ്കാരങ്ങള്‍ വെക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ജനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍വീസ് നിര്‍ദ്ദേശിക്കുന്നു. ഒരുപാട് നേരം അലങ്കരിച്ച മത്തങ്ങകള്‍ പുറത്ത് വെക്കരുതെന്നും അധികൃതര്‍ അറിയിച്ചു. മുന്‍ കാലങ്ങളില്‍ ഹാലോവീന്‍ സമയത്ത് കരടി ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.