കാനഡയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുത്ത് ചൈന; ചാരപ്രവര്‍ത്തനത്തിനെന്ന് സൂചന; തടഞ്ഞതായി സിഎസ്‌ഐഎസ് 

By: 600002 On: Oct 28, 2023, 9:15 AM

 

 

ചാരപ്രവര്‍ത്തനത്തിനായി കാനഡയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് സമീപം പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാനഡ തടഞ്ഞതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്(CSIS)).   മുന്‍കാലങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍, വിവിധ കമ്പനികള്‍ ഏറ്റെടുക്കല്‍ എന്നിവ ചൈനയുമായി ബന്ധപ്പെട്ട് നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്ത്ര പ്രധാനമായതും വളരെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതുമായ സ്ഥലങ്ങള്‍ക്ക് സമീപം ഭൂമി ഏറ്റെടുക്കുന്നതും പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുന്നതും മറ്റൊരു ഉദ്ദേശ്യത്തോടുകൂടിയാണെന്ന് കരുതുന്നതായി സിഎസ്‌ഐഎസ് ഡയറക്ടര്‍ ഡേവിഡ് വിഗ്നോള്‍ട്ട് പറയുന്നു. ചാര പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നടപടികളാണ് ഇതെന്നാണ് സൂചന. 

രാജ്യത്തെ വിദേശ ഇടപെടുകളെ കുറിച്ചും അത് തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സിഎസ്‌ഐഎസ് ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഭൂമി കൈയേറാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുകയും കൃത്യ സമയത്ത് തടയുകയും ചെയ്തതായി സിഎസ്‌ഐഎസ് അറിയിച്ചു. 

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ പോലുള്ള സേവനങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ അവരുടെ സമൂഹത്തെ നിരീക്ഷിക്കാന്‍ പോലീസ് സ്‌റ്റേഷനുകള്‍ എന്ന് വിളിക്കപ്പെടുന്ന 100 ഓളം സ്ഥാപനങ്ങള്‍ ചൈനയ്ക്ക് വിദേശ രാജ്യങ്ങളിലുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാനഡയിലുണ്ടായിരുന്ന ചൈനീസ് പോലീസ് സ്‌റ്റേഷനുകള്‍ കണ്ടെത്തി പൂട്ടാന്‍ ആര്‍സിഎംപി നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന. 

അതേസമയം, അമേരിക്കന്‍സൈനിക താവളങ്ങള്‍ക്ക് സമീപമുള്ള പ്രോപ്പര്‍ട്ടികള്‍ ഉള്‍പ്പെടെ കമ്പനികളും വലിയ കൃഷി ഭൂമികളും വാങ്ങുന്ന ചൈനീസ് സ്ഥാപനങ്ങളെക്കുറിച്ച് യുഎസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.