അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കോളേജുകളുടെയും ഏജന്റുമാരുടെയും തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം പരിഷ്‌കരിക്കുന്നതിനായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. തട്ടിപ്പുകള്‍ തടയാന്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സംശയാസ്പദമായ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്കെതിരെ ഫെഡറല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് മില്ലര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ അഡ്മിഷന്‍ ലെറ്ററുകള്‍ നല്‍കി വിദ്യാര്‍ത്ഥി പ്രവേശനത്തിന് ശ്രമിച്ചെന്ന കേസുകള്‍ ഉള്‍പ്പെടെ നൂറോളം കേസുകളില്‍ അന്വേഷണം നടത്തിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രോഗ്രാം പരിഷ്‌കരിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വഞ്ചനയിലൂടെയും വ്യാജ രേഖകളിലൂടെയും ചില കോളേജുകളും ഏജന്റുമാരും വിദ്യാര്‍ത്ഥി പ്രവേശനത്തിനായി ശ്രമിക്കും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാമില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയുന്ന പൊതു സര്‍വ്വകലാശാലകളും കോളേജുകളും സ്വകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് പ്രവിശ്യകള്‍ ഉത്തരവാദികളാണ്. ഈ സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്നതിനായി ചില ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കും. അവരില്‍ നിന്നും പണം തട്ടും. മൈഗ്രന്റ് വര്‍ക്കേഴ്‌സ് അലയന്‍സ് ഫോര്‍ ചേഞ്ച് ഉള്‍പ്പെടെയുള്ള നിരവധി അഭിഭാഷക ഗ്രൂപ്പുകള്‍ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ആരോപിക്കുന്നു. ചില കേസുകള്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അക്‌സെപ്റ്റന്‍സ് ലെറ്ററുകള്‍ പരിശോധിച്ച് വഞ്ചന തടയാനും ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിടുന്നുണ്ട്. ഇമിഗ്രേഷന്‍ ഏജന്റുമാര്‍ വ്യാജ ആപ്ലിക്കേഷനുകളായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ടാവുക. ഇത് തടയാനാണ് അധിക പരിശോധന നടത്തുന്നത്.