അടുത്ത വര്‍ഷം ഏഴ് ശതമാനം നികുതി വര്‍ധനവ് ആവശ്യമായി വന്നേക്കാം: എഡ്മന്റണ്‍ സിറ്റി 

By: 600002 On: Oct 27, 2023, 11:03 AM

 


എഡ്മന്റണില്‍ അടുത്ത വര്‍ഷം സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനായി പ്രതീക്ഷിച്ചതിലും കൂടുതല്‍ നികുതി വര്‍ധനവ് ഉണ്ടായേക്കാമെന്ന് എഡ്മന്റണ്‍ സിറ്റി റിപ്പോര്‍ട്ട്. 2024 ല്‍ 7.09 ശതമാനം നികുതി വര്‍ധനവ് ശുപാര്‍ശ ചെയ്ത് കൊണ്ട് സിറ്റി ഫാള്‍ ബജറ്റ് അഡ്ജസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തിറക്കി. നാല് വര്‍ഷത്തെ ബജറ്റ് നിശ്ചയിച്ചപ്പോള്‍ സിറ്റി കൗണ്‍സില്‍ ആദ്യം അംഗീകരിച്ചതിനേക്കാള്‍ 2.13 ശതമാനം കൂടുതലാണ്. ഓരോ വര്‍ഷവും ഏകദേശം അഞ്ച് ശതമാനം ആന്വല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് റേറ്റ് വര്‍ധന നിര്‍ദ്ദേശിച്ച് 2023-2026 ബജറ്റുകള്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. 

2023-26 ബജറ്റ് പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനായി വര്‍ധിച്ച ചെലവുകള്‍ക്കും വരുമാനം കുറയുന്നതിനുമുള്ള പ്രതികരണമായാണ് വര്‍ധനവ് ശുപാര്‍ശ ചെയ്യുന്നത്. അടുത്ത വര്‍ഷം സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് 41.2 മില്യണ്‍ ഡോളര്‍ അധിക ചെലവ് വരുമെന്നാണ് സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നത്.