മെയ്ന്‍ കൂട്ട വെടിവെപ്പ്: പ്രതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി 

By: 600002 On: Oct 27, 2023, 9:10 AM

 


അമേരിക്കയിലെ മെയ്‌നില്‍ കൂട്ടവെടിവെപ്പ് നടത്തിയ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. ബുധനാഴ്ച രാത്രിയോടെ ലൂയിസ്റ്റണിലാണ് വെടിവെപ്പുണ്ടായത്. 22 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നും 50 ഓളം പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. യുഎസ് ആര്‍മിയിലെ മുന്‍ സൈനികനായ 40 വയസ്സുള്ള റോബര്‍ട്ട് കാര്‍ഡ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട ഇയാളെ പിടികൂടാനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിയെക്കുറിച്ച് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കാനഡ-യുഎസ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് 'ആംഡ് ആന്‍ഡ് ഡെയ്ഞ്ചറസ്' അലേര്‍ട്ട് ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി നല്‍കി. അതിര്‍ത്തിയില്‍ നിരീക്ഷണവും പരിശോധനവും ശക്തമാക്കുവാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ന്യൂ ബ്രണ്‍സ്‌വിക്ക് അതിര്‍ത്തിയില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലൂയിസ്റ്റണ്‍. 

സതേണ്‍ മെയിനില്‍ പ്രതിയ്ക്കു വേണ്ടിയുള്ള തിരച്ചിലിനായി വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ ആളുകളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രതി കാനഡയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. അതിനാല്‍ അനധികൃതമായി കാനഡയിലേക്ക് പ്രവേശിക്കുന്നത് തടയാനും എന്തെങ്കിലും തരത്തിലുള്ള ഭീഷണികളെ നേരിടാനും കനേഡിയന്‍ അതിര്‍ത്തി സംരക്ഷിക്കാനുമായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, ആര്‍സിഎംപി, കനേഡിയന്‍, യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അറിയിച്ചു.