ഒരു വര്‍ഷം നീണ്ട അന്വേഷണം; ടൊറന്റോയില്‍ 60 മില്യണ്‍ ഡോളര്‍ വില വരുന്ന 1000 വാഹനങ്ങള്‍ കണ്ടെടുത്തു, 228 പ്രതികള്‍ അറസ്റ്റില്‍  

By: 600002 On: Oct 26, 2023, 12:02 PM

 

 

ടൊറന്റോ വെസ്റ്റ്എന്‍ഡില്‍ കാറുകളുടെയും കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളുടെയും മോഷണം സംബന്ധിച്ച് ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഏകദേശം 60 മില്യണ്‍ ഡോളര്‍ വില വരുന്ന 1000 വാഹനങ്ങള്‍ കണ്ടെത്തിയതായി ടൊറന്റോ പോലീസ്. 2022 നവംബര്‍ 7 ന് ആരംഭിച്ച 'പ്രോജക്ട് സ്റ്റാലിയന്‍' എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണ് ആയിരം വാഹനങ്ങള്‍ കണ്ടെത്തിയത്. അന്വേഷണം എറ്റോബിക്കോയിലെ 22,23 ഡിവിഷനുകളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചു. സെപ്റ്റംബര്‍ 24 നാണ് അന്വേഷണം അവസാനിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് 228 പ്രതികളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് ചീഫ് മൈറോണ്‍ ഡെംകിവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വീടുകളിലെ ഡ്രൈവ്‌വേകളില്‍ നിന്നും ഹോട്ടല്‍, എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്നും വുഡ്‌ബൈന്‍ കാസിനോ പോലുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് വാഹനങ്ങള്‍ കൂടുതലായും മോഷ്ടിക്കപ്പെട്ടത്. ഇതുവരെ, നഗരത്തില്‍ 9,747 വാഹനങ്ങളാണ് മോഷണം പോയതെന്ന് ടൊറന്റോ പോലീസ് പറഞ്ഞു.