ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചതായി ഫുഡ് ബാങ്ക്‌സ് കാനഡ 

By: 600002 On: Oct 26, 2023, 9:47 AM

 

 

കാനഡയില്‍ ജീവിതച്ചെലവ് വര്‍ധിക്കുകയും ഭക്ഷ്യവില കുതിച്ചുയരുകയും ചെയ്യുന്നതോടെ പ്രതിസന്ധിയിലായ ജനങ്ങള്‍ കൂടുതലായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി ഫുഡ് ബാങ്ക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളില്‍ എത്തുന്നവരുടെ എണ്ണം കോവിഡ് മഹാമാരിക്കാലത്ത് മുതല്‍ ഉയര്‍ന്നതായി ഫുഡ് ബാങ്ക്‌സ് കാനഡയുടെ 2023 ഹംഗര്‍ കൗണ്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കാനഡയിലെ കുടുംബങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ കുടുംബങ്ങള്‍ കൂട്ടത്തോടെ ഫുഡ് ബാങ്ക് സന്ദര്‍ശിക്കുന്നു. പാര്‍പ്പിടത്തിന്റെ വില, കുറഞ്ഞ വേതനം എന്നിവയാണ് ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ച മറ്റ് ചില കാരണങ്ങളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

2023 മാര്‍ച്ചില്‍ 1.9 മില്യണ്‍ ആളുകള്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമല്ല, ഫുഡ് ബാങ്കുകളെ ഇതുവരെ ആശ്രയിക്കുമെന്ന് ആരും പ്രതീക്ഷിക്കാത്തവര്‍ വരെ ഫുഡ് ബാങ്കുകളില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുള്ള മാതാപിതാക്കളും കുട്ടികളുമാണ് ഫുഡ് ബാങ്കുകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.