സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാവുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുന്നതിനാല്‍ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്തി. ഇത് മൂന്നാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്തുന്നത്. ജനുവരിക്ക് ശേഷം രണ്ട് മാസം തുടര്‍ച്ചയായി പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധന നടപ്പിലാക്കിയതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരുന്നു.
മുന്‍കാല പലിശ നിരക്ക് വര്‍ധന രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തളര്‍ത്തുകയും വില സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുന്നു എന്നതിന് തെളിവുകളുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ പറഞ്ഞു. എന്നാല്‍ ആവശ്യമെങ്കില്‍ ഭാവിയില്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ തയാറാണെന്നും ബാങ്ക് ഓഫ് കാനഡ മുന്നറിയിപ്പ് നല്‍കി. സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ പുതിയ സാമ്പത്തിക പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷം വരെ ദുര്‍ബലമായി തുടരുമെന്നാണ്.